തിന്മകള്‍ മതപഠനത്തെ ബാധിക്കുമോ...? - മുഹ്സിന്‍ ഐദീദ്‌


അല്ലാഹു പറഞ്ഞു : "നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അവന്‍ നിങ്ങള്‍ക്ക്‌ പഠിപ്പിച്ചു നല്‍കുന്നതാണ്." (ബഖറ:282)

ഇമാം ഖുര്‍തുബി പറഞ്ഞു : "തഖ്‌വയോടെ ജീവിക്കുന്നവര്‍ക്ക് മതവിജ്ഞാനം നല്‍കുമെന്ന അല്ലാഹുവിന്‍റെ വാഗ്ദാനമാണിത്. അതായത്‌, ഹൃദയത്തില്‍ കടക്കുന്ന വിജ്ഞാനങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന രൂപത്തില്‍ അവന്‍ അയാളുടെ ഹൃദയത്തില്‍ ഒരു പ്രകാശം നിക്ഷേപിക്കും." (തഫ്സീര്‍ അല്‍ - ഖുര്‍തുബി: 3/406)

അല്ലാഹു പറഞ്ഞു : "സത്യവിശ്വാസികളെ! നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയാണെങ്കില്‍ അവന്‍ നിങ്ങള്‍ക്ക്‌ ' ഫുര്‍ഖാന്‍ ' നല്‍കുന്നതാണ്." (അന്‍ഫാല്‍ :29)

ഈ ആയത്തിന്‍റെ വിശദീകരണത്തില്‍ ഇബ്നു കഥീര്‍ പറഞ്ഞു : "അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ പാലിച്ചു ജീവിക്കുന്ന വ്യക്തിക്ക് അവന്‍ സത്യവും അസത്യവും മനസ്സിലാക്കാനുള്ള തൌഫീഖ് നല്‍കും എന്നതാണ് ഫുര്‍ഖാന്‍ എന്നതിന്‍റെ ഉദ്ദേശം." (തഫ്സീര്‍ ഇബ്നി കഥീര്‍ : 4/43)

മേലെ നല്‍കിയ ആയത്തുകള്‍ ജീവിത വിശുദ്ധി മതപഠനം എളുപ്പമാക്കാന്‍ കാരണമാകുമെന്ന് വ്യക്തമാക്കുന്നുണ്ട്. ജീവിതത്തിലെ തിന്മകള്‍ക്ക് മതവിജ്ഞാനത്തെ തടയാന്‍ സാധിക്കുമെന്നത് അതിന്‍റെ നേരെ എതിരായ അര്‍ത്ഥമാണ്. അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കാത്തവന് അവന്‍ പഠിപ്പിച്ചു നല്‍കുകയോ, സത്യവും അസത്യവും വേര്‍തിരിച്ചു മനസ്സിലാക്കാനുള്ള തൌഫീഖ് ചോരിയുകയോ ഇല്ല.

ഇബ്നുല്‍ ഖയ്യിം പറഞ്ഞു : "ശരീരത്തെയും ഹൃദയത്തെയും വളരെ അപകടകരമായി ബാധിക്കുന്ന സ്വാധീനങ്ങള്‍ തിന്മകള്‍ക്കുണ്ട്. അതിലൊന്നാണ്: മതവിജ്ഞാനം തടയപ്പെടുക എന്നത്. വിജ്ഞാനമെന്നത് അല്ലാഹു ഹൃദയത്തില്‍ നിക്ഷേപിക്കുന്ന വെളിച്ചമാണ്. തിന്മകളാകട്ടെ ആ പ്രകാശത്തെ മൂടിക്കളയും.

ഇമാം ശാഫിഇയുടെ അടുക്കലുണ്ടായിരുന്ന അത്ഭുതകരമായ ഓര്‍മ്മശക്തിയും, ബുദ്ധികൂര്‍മതയും അവഗാഹവും കണ്ടപ്പോള്‍ ഇമാം മാലിക്ക്‌ -رحمهما الله- അദ്ധേഹത്തോടു പറയുകയുണ്ടായി: "അല്ലാഹു നിന്‍റെ ഹൃദയത്തില്‍ ഒരു പ്രകാശം ഇട്ടുതന്നിരിക്കുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. തിന്മകളുടെ അന്ധകാരം കൊണ്ട് നീ അതിനെ കെടുത്തിക്കളയരുത്‌ ." (അല്‍ - ജവാബുല്‍ കാഫീ:54)

ഇമാം ശാഫിഇയിലേക്ക് ചേര്‍ത്ത് പറയപ്പെടുന്ന ഒരു പ്രസിദ്ധ കവിതയുടെ ആശയം ഇപ്രകാരമാണ്.

ഓര്‍മ്മക്കുറവിനെക്കുറിച്ച് ഞാന്‍ വകീഇനോട് ആവലാതി പറഞ്ഞു
തിന്മകള്‍ ഉപേക്ഷിക്കാന്‍ അദ്ദേഹം എന്നെ ഉപദേശിച്ചു
വിജ്ഞാനം അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രകാശമാണ്
അതൊരിക്കലും അതിക്രമിക്ക്‌ നല്‍കപ്പെടുകയില്ല

ഖുര്‍ആനോ ഹദീസോ പഠിക്കാന്‍ സാധിക്കാത്തത് അവക്ക്‌ എന്തെങ്കിലും തകരാറുള്ളതു കൊണ്ടോ, ഇക്കാലഘട്ടത്തിന് അത് യോജിക്കാത്തത് കൊണ്ടോ അല്ല. മറിച്ച് നമ്മുടെ മനസ്സുകളില്‍ നിലനില്‍ക്കുന്ന തിന്മകളോ, അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വാക്കുകള്‍ പൂര്‍ണമായി മനസ്സിലാക്കാന്‍ നമ്മുടെ അറിവ്‌ പര്യാപ്തമല്ലാത്തതോ ആയിരിക്കാം അതിന്‍റെ കാരണം.

അതിനാല്‍ തിന്മകള്‍ വെടിയുക.

അല്ലാഹുവിനോട് പ്രാര്‍ഥിക്കുക.

അവന്‍ നമ്മെ അനുഗഹിക്കട്ടെ.


https://www.facebook.com/muhsinaydeed/posts/451623164950624

No comments:

Post a Comment