പരലോകത്തോടൊപ്പം ഇഹലോകവും ധന്യമാകാന്‍ പതിനൊന്ന് കാര്യങ്ങള്‍

പരലോകത്തെ മാത്രം ആഗ്രഹിക്കുന്നവരല്ല മുസ്ലിംകള്‍. ഇഹലോക നന്മകള്‍ക്ക് വേണ്ടിയും അവര്‍ അധ്വാനിക്കുകയും അതിനായി അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ്. ചില സൂഫികള്‍ പറയാറുള്ളത് ഇഹലോകത്തെ ഇഷ്ടപ്പെടാനെ പാടില്ല. പരലോക നന്മക്കായി ഇഹലോകം സൗഖ്യം പൂര്‍ണ്ണമായി വെടിയണം എന്നൊക്കെയാണ്. ഇത് തീര്‍ത്തും ശെരിയല്ല, അല്ലാഹു വിശ്വാസികളുടെ പ്രാര്‍ത്ഥനയായി പറയുന്നത് നോക്കൂ. "ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്ക്‌ നീ ഇഹലോകത്ത് നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരക ശിക്ഷയില്‍ നിന്നും നീ ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ" (സൂ. അല്‍ ബഖറ 201)

പരലോകത്തെ ശിക്ഷയെ ഭയപ്പെടുന്നതിനാല്‍ ചിലര്‍ അവിടെയുള്ള ശിക്ഷകള്‍ ഇഹലോകത്തുവെച്ച് തന്നെ നല്‍കുവാനായി അല്ലാഹുവോട്  പ്രാര്‍ഥിക്കുന്നത് കാണാം. അത് നബി(സ) നിരുല്സാഹപ്പെടുത്തിയ കാര്യമാണ്. ഒരിക്കല്‍ ആരോഗ്യം വളരെമോശമായ ഒരു വ്യക്തിയെ സന്ദര്‍ശിക്കാന്‍ നബി(സ) ചെല്ലുകയുണ്ടായി. ശരീരം മെലിഞ്ഞ് ഒട്ടി, എല്ലുകള്‍ പുറത്തു കാണും വിധം ശരീരം വളഞ്ഞ്, ഒരു പക്ഷി തല താഴ്ത്തി ഇരിക്കും പോലെ ഒരു പായയുടെ മൂലയില്‍ കുനിഞ്ഞിരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തോട് നബി(സ) ചോദിച്ചു: "താങ്കള്‍ അല്ലാഹുവോട് ഒന്നും ആവശ്യപ്പെടുകയോ പ്രാര്‍ഥിക്കുകയോ ചെയ്യാറില്ലേ?". അയാള്‍ ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ട് എന്ന് പറഞ്ഞു:"അല്ലാഹുവേ, പരലോകത്ത് എനിക്ക് ലഭിക്കാനുള്ള ശിക്ഷകള്‍ എനിക്ക് ഇഹലോകത്ത് വെച്ച് തന്നെ തന്ന് തീര്‍ക്കേണമെ". ഇത് കേട്ടപ്പോള്‍ നബി(സ) പറഞ്ഞു: سُبْحَانَ اللَّهِ താങ്കള്‍ക്ക് പരലോകത്തെ ചെറിയ ശിക്ഷപോലും ഇവിടെ നിന്ന് ഏറ്റു വാങ്ങാനുള്ള ശക്തിയോ ക്ഷമയോ ഉണ്ടാകില്ല. താങ്കള്‍ എന്തുകൊണ്ട് ഇപ്രകാരം പ്രാര്‍ഥിച്ചില്ല. 

اللَّهُمَّ آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

 "അല്ലാഹുവെ, ഞങ്ങള്‍ക്ക്‌ നീ ഇഹലോകത്ത് നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരക ശിക്ഷയില്‍ നിന്നും നീ ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ" (സഹീഹു മുസ്ലിം - باب كَرَاهَةِ الدُّعَاءِ بِتَعْجِيلِ الْعُقُوبَةِ فِي الدُّنْيَا)

ഇഹപരലോകങ്ങളില്‍ ഗുണങ്ങള്‍ ലഭിക്കുന്നതിനായി അല്ലാഹുവും റസൂലും പഠിപ്പിച്ചു തന്ന പതിനൊന്ന് കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.


  1. ഇസ്തിഗ്ഫാര്‍ അധികരിപ്പിക്കുക
  2. ഈമാനും തഖ്‌വയും 
  3. തവക്കുല്‍
  4. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുക
  5. അല്ലാഹുവിനു ശുക്ര്‍ ചെയ്യുക
  6.  അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഹിജ്റ പോകുക
  7.  ഹജ്ജും ഉംറയുംഒന്നിച്ചു നിര്‍വ്വഹിക്കുക
  8.  
  9.  
  10.  
  11.  

നമ്മള്‍  അല്ലാഹുവില്‍ വിശ്വസിക്കുന്നതുപോലെ അല്ലാഹു നല്‍കുമെന്ന് പറഞ്ഞതിലും ഈമാനോട് കൂടി സ്വീകരിക്കണം.

 1. ഇസ്തിഗ്ഫാര്‍ അധികരിപ്പിക്കണം

തെറ്റുകള്‍ ചെയ്തവര്‍ മാത്രമല്ല ഇസ്തിഗ്ഫാര്‍ (പാപമോചനം) തേടേണ്ടത്. നബി(സ) പോലും ഒരു ദിവസം നൂറിലധികം തവണ ഇസ്തിഗ്ഫാരിനായി അല്ലാഹുവോട് തെടാറുണ്ടായിരുന്നു. ഇസ്തിഗ്ഫാര്‍ ചെയ്യുന്നതുകൊണ്ട് പരലോകത്ത് മാത്രമല്ല നമുക്ക്‌ ഗുണം ലഭിക്കുന്നത്. നമുക്ക്‌ വേണ്ടി അല്ലാഹു സംവിധാനിച്ച ഈ ഐഹിക ലോകത്തും ഇസ്തിഗ്ഫാര്‍ മുഖേന ഒരുപാട് നേട്ടങ്ങള്‍ നമുക്ക്‌ ലഭിക്കുന്നുണ്ട്.

فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّاراً . يُرْسِلِ السَّمَاء عَلَيْكُم مِّدْرَاراً . وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَاراً 

"അങ്ങനെ അല്ലാഹു പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ റബ്ബിനോട് പാപമോചനം തേടുക. (1) തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. (2) അവന്‍ നിങ്ങള്‍ക്ക്‌ മഴ സമൃദ്ധമായി അയച്ചു തരും; (3) സ്വത്തുക്കളും സന്താനങ്ങള്‍ കൊണ്ടും നിങ്ങളെ പോഷിപ്പിക്കുകയും (4) നിങ്ങള്‍ക്ക്‌ അവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും (5) നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും." (സൂ. നൂഹ് 10-12)


അല്ലാഹു പറയുന്നത് നോക്കൂ. "നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക്‌ ഖേദിച്ചു മടങ്ങുകയും ചെയ്യുക. (6) എങ്കില്‍ നിര്‍ണ്ണിതമായ ഒരു അവധിവരെ  അവന്‍ നിങ്ങളെ നല്ല സൗഖ്യമനുഭവിപ്പിക്കുകയും, (7) ഉദാരമാനസ്ഥിതിയുള്ള എല്ലാവര്ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ തിരിഞ്ഞു കളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേല്‍ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു." (സൂ. ഹൂദ്‌ 2)


പാപമോചനം പിന്തിപ്പിക്കുന്നത് വല്ലാത്ത തെറ്റാണ്. പാപമോചനം തേടുന്നതിനായി നമ്മള്‍ നമ്മുടെ ഒരു ദിവസത്തിലെ ചില ഭാഗങ്ങള്‍ മാറ്റി വെക്കണം. അത് രാവിലെയും വൈകുന്നേരവും ക്രമപ്പെടുത്തുന്നത് നല്ലതാണ്. മറ്റു അവസരങ്ങളിലും ആകാം.

2. ഈമാനും തഖ്‌വയും 


തഖ്‌വ എന്നാല്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക, ഭയപ്പെടുക, ഇഷ്ടപ്പെടുക; അതായത് അല്ലാഹു കല്പിച്ച കാര്യങ്ങള്‍ അതുപോലെ ചെയ്യുകയും വിരോധിച്ചതില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുക. അല്ലാഹുവെ പേടിവേണം, അതോടൊപ്പം തന്നെ അല്ലാഹുവോട് ഇഷ്ടവും വേണം. ഹറാമായ സകല കാര്യങ്ങളില്‍ നിന്ന് മനസ്സിനെയും ശരീരത്തെയും വിട്ടു നിര്‍ത്താനുള്ള കരുത്തിനായി അല്ലാഹുവോട് പ്രാര്‍ഥിക്കണം.

അല്ലാഹു പറയുന്നു " ഹേ, വിശ്വസിച്ചവരെ, നിങ്ങള്‍ അല്ലാഹുവെ മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിമ്കളായി കൊണ്ടല്ലാതെ മരിക്കരുത് "(സൂ.ആലു ഇമ്രാന്‍ 102).

ശൈതാന്‍ മനുഷ്യ മനസ്സില്‍ തഖ്‌വയെ തകര്‍ക്കുന്ന ഒരുപാട് കാര്യങ്ങള്‍ നിക്ഷേപിക്കും. പലിശ വാങ്ങുമ്പോള്‍ 'ഇങ്ങോട്ട് കിട്ടുകയാണ്', കളവുകള്‍ നടത്തുമ്പോള്‍ പണം 'ഇങ്ങോട്ട് ലഭിക്കുകയാണ്', കച്ചവടത്തില്‍ പൂഴ്ത്തിവെപ്പ് നടത്തുകയോ സാധനങ്ങളുടെ പോരായ്മകള്‍ അറിഞ്ഞു കൊണ്ട് മറച്ചു വെക്കുകയോ ചെയ്യുമ്പോള്‍ ലാഭം  'ഇങ്ങോട്ട് കിട്ടുകയാണ്' ...എന്ന രീതിയിലുള്ള തെറ്റായ കാര്യങ്ങളാണ് ശൈതാന്‍ നമ്മോട് പറയുന്നത്.  സത്യത്തില്‍ ഈ ഇടപാടില്‍ ലാഭം കൊയ്യുന്നത് ശൈതാനാണ്. നമുക്ക് നഷ്ടവും, ഇരു ലോകത്തും. കാരണം അത്തരം സമ്പത്തുകളില്‍ അല്ലാഹുവിന്റെ ബറകത്ത് ഉണ്ടാകുകയില്ല. എന്നാല്‍ ഇവയില്‍ നിന്നൊക്കെ വിട്ടു നിന്നാല്‍ നമ്മുടെ സമ്പത്തിലും സമയത്തിലും അല്ലാഹു നമുക്ക്‌ ബറകത്ത് തരും. ബറകത്ത് എന്ന് പറഞ്ഞാല്‍ തന്നെ വളര്‍ച്ച എന്നാണു അര്‍ഥം. ഇസ്ലാം വിരോധിച്ച പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്ക്‌ അല്ലാഹുവിന്റെ ബറകത്ത് ലഭിക്കുകയില്ല. അവരെ നമ്മള്‍ എത്ര ധന്യരായി പ്രത്യക്ഷത്തില്‍ കാണുന്നുവെങ്കിലും. 

 3. തവക്കുല്‍ 

അല്ലാഹുവെ ഭയപ്പെടുന്നവര്‍ക്ക്‌ അവന്‍ ഏത് പ്രയാസങ്ങളില്‍ നിന്നും ഒരു തുറസ് അവര്‍ വിചാരിക്കാത്ത മാര്‍ഗത്തിലൂടെ അല്ലാഹു നല്‍കും.വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കൂ: "അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക്‌ ഉപദേശം നല്കപ്പെട്ടതത്രെ അത് - അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം (1) അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കിക്കൊടുക്കുകയും (2) അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന്‍ ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവില്‍ ഭാരമെല്‍പ്പിക്കുന്ന പക്ഷം അവനു അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു അവന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്." (സൂ. തലാഖ്‌ 2-3)

നമ്മള്‍ പൂര്‍ണ്ണമായും നമ്മുടെ കാര്യങ്ങള്‍ അല്ലാഹുവില്‍ തവക്കുലാക്കണം. തവക്കുല്‍ അല്ലാഹുവിനോട് മാത്രമാക്കുന്നവര്‍ക്ക് അവന്‍ പ്രശ്നങ്ങളില്‍ പോംവഴി കാട്ടിക്കൊടുക്കുകയും അവരുടെ ഉപജീവനം (ആഹാരം, വസ്ത്രം, മറ്റു ജീവിതാവശ്യങ്ങള്‍,..) നല്‍കുകയും ചെയ്യും.

അല്ലാഹുവില്‍ തവക്കുല്‍  ആക്കുന്നവര്‍ക്ക് നാളെ പരലോകത്ത് വെച്ച് മാത്രമല്ല ഇഹലോകത്തും ഗുണങ്ങള്‍ ലഭിക്കും എന്നര്‍ത്ഥം. അതിനു വാക്ക് കൊണ്ട് മാത്രമാകരുത് നമ്മുടെ തവക്കുല്‍, മനസ്സുകൊണ്ട് കൂടി ആകണം.തവക്കുല്‍ അല്ലാഹുവോട് മാത്രം. അത് മറ്റുള്ള ഏത് വസ്തുവിലേക്ക് നീങ്ങിയാലും ഇസ്ലാം പഠിപ്പിക്കുന്ന ആശയാദര്‍ശങ്ങള്‍ക്ക് അന്യമാണ്.



ഇന്ന് പലരും കാര്യങ്ങള്‍ ഭാരമേല്പിചിരിക്കുന്നത് മന്ത്രിചൂതിയ ചരടുകളിലും മരിച്ചു മണ്‍മറഞ്ഞു പോയവരിലും ഒക്കെ ആണ്. ഒരിക്കല്‍ ഇസ്ലാം സ്വീകരിച്ച പത്തു പേരില്‍ നിന്ന് നബി(സ) ബൈഅത്ത് സ്വീകരിക്കുകയായിരുന്നു. ഒന്‍പതു പേരില്‍ നിന്നും നബി(സ) ബൈഅത്ത് സ്വീകരിച്ചു, ഒരാളുടെ കൈ നബി(സ) തട്ടി മാറ്റി. എന്നിട്ട് കയ്യില്‍ കെട്ടിയ നൂലിലേക്ക് ചൂണ്ടി എടുത്തു കളയാന്‍ പറഞ്ഞു. അദ്ദേഹം അപ്രകാരം ചെയ്തു. അതിനു ശേഷമെ നബി(സ) അദ്ദേഹത്തില്‍ നിന്ന് ബൈഅത്ത് സ്വീകരിച്ചുള്ളൂ. എന്നിട്ട് ഇന്ന് മുസ്ലിംകള്‍ നൂലുകളില്‍ അഭയം പ്രാഭിക്കുന്നു. അത്തരത്തിലുള്ളവരുടെ തവക്കുല്‍ ആ മന്ത്രനൂലുകളിലും മാത്രവാതികളിലും സാഹിരുകളിലും ഒക്കെയാണ്. അല്ലാതെ അല്ലാഹുവിലെക്കല്ല. അത്തരത്തിലുള്ളവര്‍ നാളെ പരലോകത്ത് നഷ്ടക്കാരുടെ കൂട്ടത്തില്‍ അകപ്പെട്ടുപോകും. അല്ലാഹു കാക്കട്ടെ. ആമീന്‍.


4. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുക

അല്ലാഹുവിന്റെ  മാര്‍ഗത്തില്‍ ധനം ചിലവഴിക്കുന്നവര്‍ക്ക് ദാരിദ്ര്യത്തില്‍ നിന്ന് അവന്‍ രക്ഷ നല്‍കും, അവരുടെ ദുനിയാവ് അല്ലാഹു വിശാലമാക്കിക്കൊടുക്കും, പാപങ്ങള്‍ പോരുത്തുകൊടുക്കും, മലക്കുകള്‍ അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തും, അവരുടെ പ്രയാസങ്ങള്‍ അല്ലാഹു നീക്കികൊടുക്കും, അവരുടെ ദറജകള്‍ അല്ലാഹു ഉയര്‍ത്തും.

അല്ലാഹു പറയുന്നത് കാണുക: "(നബിയേ) പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ എന്തോന്ന് ചിലവഴിച്ചാലും അവന്‍ അതിനു പകരം നല്‍കുന്നതാണ്. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഉത്തമാനത്രെ" (സൂ. സബഅ' 39)

ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചിലവഴിക്കണം എന്നും അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്‌ അല്ലാഹുവിനു നല്ലതായ കടം നല്‍കാന്‍ ആരുണ്ട്‌ എന്ന് ചോദിച്ചു കൊണ്ടാണ്. അല്ലാഹു പറയുന്നു: "അല്ലാഹുവിനു ഉത്തമമായ കടം നല്‍കാനാരുണ്ട്. എങ്കില്‍ അല്ലാഹു അവനു അനേകം ഇരട്ടികളായി വര്‍ധിപ്പിച്ചു കൊടുക്കുന്നതാണ്. ധനം പിടിച്ചുവെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാണ്. അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മടക്കപ്പെടുന്നതും" (സൂ. അല്‍ ബഖറ 235)

നബി(സ) പറഞ്ഞു: പ്രഭാത വേളയില്‍ രണ്ടു മലക്കുകള്‍ വന്ന് ഇങ്ങനെ പ്രാര്‍ഥിക്കാത്ത ഒരു ദിവസവുമില്ല - അല്ലാഹുവേ, ധനം (നല്ല മാര്‍ഗത്തില്‍) ചിലവഴിക്കുന്നവര്‍ക്ക് നീ പകരം നല്‍കേണമേ. മറ്റേ മലക്ക്‌ പറയും - (നല്ല കാര്യത്തില്‍ ചിലവഴിക്കാതെ) ധനം പിടിച്ചുവെക്കുന്നവര്‍ക്ക് നീ നാശം വരുത്തേണമേ" (ബുഖാരി, മുസ്‌ലിം)

എന്നാല്‍  ധനം ചിലവഴിക്കുമ്പോള്‍ പിശാചു നമ്മുടെ ഉള്ളില്‍ ഇട്ടു തരുന്നു ചില ശങ്കകള്‍ ഉണ്ട്. നമ്മുടെ ധനം കുറയുകയാണ്, എന്തിനാണ് ഇത്ര ചിലവഴിക്കുന്നത്,... അല്ലാഹു പറയുന്നു: "പിശാച് ദാരിദ്ര്യത്തെപറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹു ആകട്ടെ അവന്റെ പക്കല്‍ നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനും എല്ലാം അറിയുന്നവനുമാണ്" (സൂ. ആല്‍ ഇമ്രാന്‍ 268). വിശ്വാസികള്‍ അവര്‍ക്ക്‌ ഉള്ളസമ്പത്തില്‍ നിന്ന് ചിലവഴിക്കുന്നവരാണ്. കൊടുക്കുന്നവര്‍ക്ക് അല്ലാഹു അവന്റെ അനുഗ്രഹത്തിന്റെ കവാടങ്ങള്‍ തുറന്നു കൊടുക്കും.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുന്നവര്‍ക്ക് ഇഹലോകത്തും നന്മ ലഭിക്കുമെന്ന് അല്ലാഹു തന്നെ ആണ് നമ്മെ അറിയിച്ചത്. "അല്ലാഹുവിന്റെ കരാറിനു പകരം നിങ്ങള്‍ തുച്ഛമായ വില വാങ്ങരുത്,.. നങ്ങളുടെ അടുക്കലുള്ളത് തീര്‍ന്നു പോകും, അല്ലാഹുവിങ്കലുള്ളത് അവശേഷിക്കുന്നതത്രെ" (സൂ. നഹ്ല്‍ 96). അല്ലാഹുവില്‍ സത്യം ചെയ്തുകൊണ്ട്  റസൂല്‍(സ) മൂന്ന് കാര്യങ്ങളെക്കുറിച്ച് പറഞ്ഞു. അതിലൊന്ന്, "ദാനധര്‍മ്മങ്ങള്‍ കൊണ്ട് ഒരാളുടെയും ധനം കുറയുകയില്ല" എന്നതായിരുന്നു.

5.അല്ലാഹുവിനു ശുക്ര്‍ ചെയ്യുക

ഒന്ന്, അല്ലാഹു  മനുഷ്യന് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങള്‍ എണ്ണിക്കണക്കാക്കാന്‍ പോലും അവനു സാധിക്കില്ല. അവന്റെ കൈവിരലുകള്‍, നാമറിയാതെ നമ്മുടെ കണ്ണുകള്‍ ഇമവെട്ടുന്നു, ഹൃദയം അതിന്റെ കണക്കൊത്തു മിടിക്കുന്നു, മൂക്കുകള്‍ കൃത്യമായി ശ്വസിക്കുന്നു, ഭക്ഷണം കൃത്യ സമയങ്ങളില്‍ ദഹിക്കുന്നു, കാഴ്ച, കേള്‍വി, എന്തെല്ലാം അനുഗ്രഹങ്ങള്‍. ഈ പ്രക്രിയകള്‍ക്കൊന്നിനും ഒരു ചിലവും അല്ലാഹു നമ്മോട് ചോദിച്ചിട്ടില്ല. നാം ആവശ്യപ്പെട്ടതും അല്ലാത്തതുമായ എത്ര എത്ര അനുഗ്രഹങ്ങളാണ്‌ അവന്‍ നമുക്ക്‌  നല്‍കിയത്. നമ്മള്‍ അല്ലാഹുവിനോട് നന്ദി കാണിക്കുന്നതും നമുക്ക്‌ വേണ്ടിയാണല്ലോ. 


രണ്ട്, ജനങ്ങളോടും നന്ദി കാണിക്കണം. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ നമുക്ക് സഹായങ്ങളും ഉപകാരങ്ങളും ചെയ്തു തന്നവര്‍ക്ക് വേണ്ടി, നമുക്ക്‌ വേണ്ടി പ്രാര്‍ഥിച്ചവര്‍ക്ക് വേണ്ടി, എല്ലാം രാത്രിയുടെ അവസാന സമയങ്ങളില്‍ തഹജ്ജുദ് നമസ്കാരത്തില്‍ നമ്മള്‍ പ്രാര്‍ത്ഥിക്കണം. അവര്‍ക്ക് വേണ്ടി ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും വലിയ കാര്യം അത് തന്നെയാണ്.

അല്ലാഹുവിനു  നന്ദി കാണിച്ചാല്‍ നമ്മുടെ പാപങ്ങള്‍ പൊറുക്കപ്പെടും, അല്ലാഹു അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചു തരും. അല്ലാഹു പറയുന്നു: "നിങ്ങള്‍  നന്ദി കാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ (അനുഗ്രഹം) വര്‍ഷിപ്പിച്ചു തരുന്നതാണ്.."(സൂ. ഇബ്രാഹീം 7). അല്ലാഹുവിനു നന്ദി ചെയ്യാനുള്ള മനസ്സിന് വേണ്ടി നമ്മള്‍ പ്രാര്‍ഥിക്കണം.

6. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഹിജ്റ പോകുക


കുഫ്‌റിന്റെ നാട്ടില്‍ നിന്നും ഈമാനിന്റെ നാട്ടിലേക്ക്‌ വേണ്ടി വന്നാല്‍ ഹിജ്റ പോകുന്നവര്‍ക്ക്‌ അല്ലാഹു ഇഹലോകവും പരലോകവും വിശാലമാക്കിക്കൊടുക്കും. മൂസ(അ) തന്റെ രക്ഷിതാവില്‍ വിശ്വസിച്ച ഇസ്രായേല്‍ സമൂഹവുമായി കടലിനും ഫിര്‍ഔനിന്റെ സൈന്യത്തിനും ഇടയില്‍ പരിഭ്രാന്തരായി നില്‍ക്കുമ്പോഴും മൂസ(അ) തന്റെ രക്ഷിതാവില്‍ അങ്ങേ അറ്റം വിശ്വസിച്ചു. മുഹറം പത്തിനായിരുന്നു അത്. ഹിജ്റ കലണ്ടറിലെ ആദ്യ മാസവും ഇസ്ലാം പവിത്രമാക്കിയ മാസങ്ങളില്‍ ഒന്നുമാണ് മുഹറം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ലവനും സ്വദേശം വെടിഞ്ഞു പോകുന്ന പക്ഷം ഭൂമിയില്‍ ധാരാളം അഭായസ്താനങ്ങളും ജീവിതവിശാലതയും അവന്‍ കണ്ടെത്തുന്നതാണ്. (സൂ. നിസാഅ' 100)

എന്നാല്‍  അല്ലാഹു ഇഷ്ടപ്പെടുന്നവര്‍ക്ക് അവന്‍ പരീക്ഷണങ്ങള്‍ നല്‍കും. അവ ഈമാനോട് കൂടി ക്ഷമിക്കുക. മുഹമ്മദ്‌ നബി (സ)യുടെ ജീവിതത്തില്‍ കടുത്ത പരീക്ഷണങ്ങളുടെ ഘട്ടമായിരുന്നല്ലോ പ്രബോധനത്തിന്റെ ആദ്യ പത്തു വര്‍ഷങ്ങള്‍.ചെരുപ്പിന്റെ വാര്‍ വെള്ളത്തില്‍ മുക്കിയും പച്ചയിലകള്‍ ഭക്ഷിച്ചും ശഅ'ബ് അബീത്വാലിബിന്റെ മലഞ്ചെരുവില്‍ പീഡിപ്പിക്കപ്പെട്ടു. ഹിജ്റക്ക് വേണ്ടി അല്ലാഹുവില്‍ നിന്നുള്ള തീരുമാനങ്ങള്‍ വന്നു. മദീനയില്‍ ഇസ്ലാമിനോട് സ്നേഹമുള്ള ഒരു സമൂഹത്തെ അല്ലാഹു അവിടെ രൂപപ്പെടുത്തിയിരുന്നു. റസൂല്‍(സ)യും സഹാബത്തും(റ) മദീനയില്‍ ഹൃദ്യമായി സ്വാഗതം ചെയ്യപ്പെട്ടു. മുഹാജിറുകള്‍ക്കിടയിലും അന്‍സാറുകള്‍ക്കിടയിലും അല്ലാഹു സ്നേഹവും ഐക്യവും തീര്‍ത്തു. 

അള്ളാഹു പറയുന്നു: "അതായത് സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും


അല്ലാഹു  പറയുന്നു: "നിങ്ങള്‍ക്ക്‌ ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. മനുഷ്യന്നും അവന്റെ മനസ്സിനും ഇടയില്‍ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപെടുമെന്നും നിങ്ങള്‍ അറിഞ്ഞു കൊള്ളുക. (സൂ. അന്‍ഫാല്‍ 24)

നമ്മള്‍  അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആണോ എന്ന് ഉറപ്പുവരുത്തിയാല്‍ അല്ലാഹു നമ്മെ സഹായിക്കും. അല്ലാഹുവിലെക്കും രസൂലിലെക്കുമാണ് നമ്മുടെ യാത്രയെങ്കില്‍ നമ്മെ സംരക്ഷിക്കാനും സഹായിക്കാനും അല്ലാഹു നമ്മുടെ കൂടെയുണ്ടാകും. ശത്രുക്കളുടെ കാലടികള്‍ കേള്‍ക്കുമ്പോഴും സൌര്‍ ഗുഹയുടെ അകത്തളങ്ങളില്‍ അബൂബക്കര്‍(റ)യുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ വരുമ്പോഴും നബി(സ) ഓര്‍മിപ്പിക്കുന്ന വാക്കുകള്‍ പ്രതീക്ഷയുടെതായിരുന്നു. 'ഭയപ്പെടേണ്ടതില്ല, അല്ലാഹു നമ്മോടൊപ്പമുണ്ട്'. അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു സമാധാനം നല്‍കി. ഇസ്ലാം മുന്നോട്ടു വെക്കുന്ന കാര്യങ്ങല്‍ക്കൊത്തു ജീവിക്കാനുള്ള അനുമതി നിഷേധിക്കുന്ന ഒരു കുഫ്റിന്റെനാട്ടില്‍ നിന്നും ഈമാനിന്റെ നാട്ടിലേക്ക് ഹിജ്റ പോകല്‍ വിശ്വാസികളുടെ മേല്‍ ബാധ്യതയാണ്. ഹിജ്റ പോകേണ്ടി വന്നാല്‍ നഷ്ടങ്ങളുടെ പുസ്തകങ്ങള്‍ തുറക്കുന്നതിനു മുന്‍പ്‌ അറിയുക,

അല്ലാഹു പറയുന്നു: "എന്റെ ഉല്‍ബോധനത്തെ വിട്ടു വല്ലവരും തിരിഞ്ഞു കളയുന്ന പക്ഷം തീര്‍ച്ചയായും അവനു ഇടുങ്ങിയ ഒരു ജീവിതമായിരിക്കും ഉണ്ടാകുക" (സൂ. ത്വാഹ 124). അതല്ലാതെ ഒരു ലാഭവും ഇഹത്തിലും അവര്‍ക്ക്‌ ഉണ്ടാകില്ല.
എന്റെ ഉല്‍ബോധനത്തെ വിട്ടു വല്ലവരും തിരിഞ്ഞു കളയുന്ന പക്ഷം തീര്‍ച്ചയായും അവന്നു ഇടുങ്ങിയ ഒരു ജീവിതമാണ് ഉണ്ടാകുക. (സൂ. ത്വാഹ 124)


7. ഹജ്ജും ഉംറയും ഒന്നിച്ചു നിര്‍വ്വഹിക്കുക

നബി(സ) പറഞ്ഞു: "ആരെങ്കിലും ഹജ്ജും ഉംറയും ഒരുമിച്ചു നിര്‍വ്വഹിച്ചാല്‍, ഇരുമ്പില്‍ നിന്നും വെള്ളിയില്‍ നിന്നും സ്വര്‍ണ്ണത്തില്‍ നിന്നുമെല്ലാം അഴുക്കുകള്‍ ഒഴിവാക്കുന്നതുപോലെ അവരുടെ ദാരിദ്ര്യവും പാപങ്ങളും അല്ലാഹു നീക്കിക്കൊടുക്കും. ആരെങ്കിലും മബ്രൂര്‍ ആയ ഒരു ഹജ്ജ്‌ നിര്‍വ്വഹിച്ചാല്‍ അവനു സ്വര്‍ഗത്തില്‍ കുറഞ്ഞത് ഒന്നും അതു കൊണ്ടുതരില്ല."(നസഈ)





 (അബ്ദുല്‍ ഖാദര്‍ പറവണ്ണയുടെ ജുമുഅ ഖുതുബ(24/10/14)യെ അസ്പതമാക്കി തയ്യാറാക്കിയ കാര്യങ്ങള്‍, അടുത്ത ആഴ്ചകളില്‍ ഖുതുബ കേള്‍ക്കാന്‍ അവസരം ഉണ്ടായാല്‍ ബാക്കി എഴുതാന്‍ ശ്രമിക്കാം, ഇന്ഷാ അല്ലാഹ്)

Favourite web links


Dr. Saleh as Saleh Audio lectures
http://ahlehadith.wordpress.com/audio-downloads/saleh-as-saleh/

Prodictivity tips for muslims
http://productivemuslim.com/start-here/

Digital Mimbar - Youtube channel
https://www.youtube.com/channel/UCyxM7MgZkDe5stZpb6CiOcA

Sharee'a: Blog of PN AbduRahman Abdul Latheef (Malayalam)
pnabdurahman.blogspot.com

From my Home to Yours....
http://ummhasna.blogspot.in

Download useful E-Books
http://heartsandmindsofmuslims.wordpress.com/more-useful-books/

Authentic Islamic Knowledge
http://abdurrahman.org/

Muslim Matters
http://muslimmatters.org/

Dawa voice - Malayalam authentic audio lectures
http://dawavoice.com/

Deviations and sects (Malayalam)
http://salafivoice.com

മലക്കുകളുടെ പ്രാര്‍ഥനക്ക് വിധേയമാകുന്നവര്‍