'നീ എന്താ ഓണം ആഘോഷിക്കാത്തത്?'



അടിസ്ഥാനപരമായി മനുഷ്യ ജീവിതത്തെ നിയന്ത്രിക്കുന്നത്‌ അവന്റെ വിശ്വാസമാണ്. വിശ്വാസം പോലെ അന്ധവിശ്വാസവുമുണ്ട്. പ്രമാണങ്ങളുടെ (വേദങ്ങളുടെ) പിന്തുണയുള്ളതിനെ നമ്മള്‍ വിശ്വാസം എന്നും അവയുടെ പിന്തുണയില്ലാത്തതിനെ അന്ധവിശ്വാസമെന്നും വിളിക്കുന്നു. ഒരു യഥാര്‍ത്ഥ മുസ്‌ലിം വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും ഉള്‍കൊണ്ട് ജീവിക്കുന്നവനാണ്. അതുപോലെ യഥാര്‍ത്ഥ ഹിന്ദു ഹൈന്ദവ വേദങ്ങള്‍ അനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നവനാണ്. അതുപോലെ ബൈബിള്‍ അനുസരിച്ച് ജീവിതം ക്രമീകരിക്കുന്നവരെ നമുക്ക്‌ യഥാര്‍ത്ഥ ക്രിസ്തുമത വിശ്വാസി എന്നും വിളിക്കാം.

  • മുസ്ലിം സമുദായത്തില്‍ പെട്ട ചിലര്‍ ജാറങ്ങള്‍ കെട്ടി ഉയര്‍ത്തി അവിടെ പോകുകയും ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യാറുണ്ട്. പക്ഷെ ഞാന്‍  അത്തരം ആചാരങ്ങളില്‍ പങ്കെടുക്കാറില്ല. അവിടെ വിളമ്പുന്ന ഭക്ഷണവും ഞാന്‍ കഴിക്കാറില്ല. 
  • നബി ദിനം കൊണ്ടാടുന്നവരും അത് ഇസ്ലാമികളാണെന്നു പറയുന്നു. പക്ഷെ ഞാന്‍ അതിലും പങ്കെടുക്കാറില്ല. അവര്‍ തരുന്ന ഭക്ഷണം കഴിക്കുകയുമില്ല. 
  • മരിച്ചവരുടെ പേരില്‍ വര്‍ഷം തോറും ചില മുസ്ലിംകള്‍ ആണ്ട് നേര്‍ച്ചകള്‍ നടത്തുകയും അന്ന് പ്രത്യേക ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യുകയും ചെയ്യുന്നു. ഞാന്‍ അതിലും പങ്കെടുക്കാറില്ല.

ഇവയിലൊക്കെ പങ്കെടുക്കാത്ത അതേ കാരണം കൊണ്ടാണ് ഓണവും ക്രിസ്തുമസും ബര്‍ത്ത് ഡേയും ന്യൂ ഇയരും ഞാന്‍ ആഘോഷിക്കാത്തത്.  അതുപോലെ തന്നെയാണ് അമ്പലങ്ങളില്‍ നിന്ന് പൂജിച്ച കൊണ്ട് വരുന്ന അരവണപായസവും മറ്റും. മുകളില്‍ മുസ്ലിംകള്‍ ചെയ്യാറുള്ള ചില അനാചാരങ്ങളെക്കുരിച്ചു (ജാറം, ആണ്ട്, നബി ദിനം,...) പറഞ്ഞു. അവയൊന്നും ഇസ്ലാം  പഠിപ്പിച്ചതല്ല. തീറ്റകക്കൊതിയന്മാരായ ആളുകള്‍ മതത്തിന്റെ പേരില്‍ കെട്ടി ഉണ്ടാക്കിയവയാണ് ഈ കാര്യങ്ങള്‍. അവയില്‍ പലതും ബിദ്അത്തുകളും ശിര്‍ക്കുമായ (ദൈവം ഏകാണാനെന്ന വിശ്വാസത്തിനു തടസ്സം വരുത്തുന്ന)   കാര്യങ്ങളാണ്. അവ ഇസ്ലാമിന്റെ പേരില്‍ നടത്തിയത് കൊണ്ട് മാത്രം അത് ഇസ്ലാമികമാകുന്നില്ല. മുസ്ലിം സമുദായത്തില്‍ പെട്ട ചിലര്‍ മദ്യം കഴിക്കാറുണ്ട് എന്ന് കരുതി ഇസ്ലാം മദ്യം അനുവദിച്ചിട്ടുണ്ട് എന്നാണോ അതിനര്‍ത്ഥം!!! ഇസ്ലാമില്‍ മതകാര്യമാണെങ്കില്‍ അവ തീര്‍ച്ചയായും ഖുര്‍ആനിലോ നബി വചനങ്ങളിലോ ഉണ്ടാകണം.  അതല്ലാതെ നാട്ടിലെ മുസ്ലിം ചെയ്യുന്നത് ഏട്ടില്‍ ഉണ്ടായികൊള്ളണമെന്നില്ല. ഏട്ടില്‍ ഉള്ളതനുസരിച്ചാണ് യഥാര്‍ത്ഥത്തില്‍ അവര്‍ ജീവിക്കേണ്ടിയിരുന്നത്. പക്ഷെ പലരും അങ്ങനെയല്ല എന്ന് മാത്രം.

  • ശബരിമലയിലേക്ക് പോകുന്ന ഹൈന്ദവ വിശ്വാസികള്‍ വ്രതം അനുഷ്ടിക്കാറുണ്ട്. തന്‍റെ അയല്‍വാസിയായ ഉറ്റ സുഹൃത്തിന്റെ സല്‍ക്കാരമാണെങ്കിലും ആ സമയങ്ങളില്‍ അവര്‍ അന്യമതസ്തരായ സുഹൃത്തുക്കളുടെ വീടുകളില്‍ ചെന്ന് അവിടം ഒരുക്കിയ മാംസാഹാരം കഴിക്കുകയില്ല. 
  • യഥാര്‍ത്ഥ ബ്രാഹ്മണര്‍ മാംസം ഭക്ഷിക്കാറില്ല? അവരെ കോഴി ബിരിയാണി കഴിക്കാന്‍ വിളിച്ചാല്‍ അവനെന്തു പറയും? എന്റെ പ്രിയ സുഹുര്‍ത്തുക്കളല്ലെ, കോഴി ബിരിയാണിയല്ലേ, കഴിച്ചേക്കാം എന്നോ?
  • സൌഹൃതത്തിന്റെ പേരില്‍ ഒരു യഥാര്‍ത്ഥ മുസ്ലിമും മദ്യം കഴിക്കുകയില്ല, അവ വിളമ്പുന്ന സദസ്സുകളില്‍ പോലും അവര്‍ പങ്കെടുക്കില്ല. അത് ഏത് ഉയര്‍ന്ന വ്യക്തിയുടെ വിരുന്നാണെങ്കിലും.

ഇതൊക്കെ തീവ്രവാതമാണോ? അവര്‍ക്ക് അവരെ ക്ഷണിച്ച സുഹൃത്തിനെ ഇഷ്ടം ഇല്ലാത്തത് കൊണ്ടാണോ? ഒരിക്കലുമല്ല, അതൊക്കെയും അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അവരുടെ വിശ്വാസത്തെ മറ്റുമതസ്ഥര്‍ അവര്‍ക്ക് അനുവദിച്ചുകൊടുത്തെ തീരൂ. അവരുടെ ആചാരാനുഷ്ടാനങ്ങളെ കളിയാക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നവരല്ല അവരുടെ നല്ല സുഹുര്‍ത്തുക്കള്‍. മറ്റു മതങ്ങളുടെ അനുഷ്ടാനങ്ങളെ വിമര്‍ശിക്കുകയല്ല വേണ്ടത്. അവരുടെ വിശ്വാസങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ അവരെ അനുവദിക്കുകയാണ് വേണ്ടത്‌.  അപ്പോയാണ് പരസ്പരം സ്നേഹമുണ്ടാകുന്നത്, ആദരവുണ്ടാകുന്നത്. അതല്ലാതെ അവരുടെ വിശ്വാസങ്ങള്‍ ശെരിയല്ല എന്ന് പറഞ്ഞു എതിര്‍ക്കുന്നതാണ് യഥാര്‍ത്തത്തില്‍ തീവ്രവാദം!! 

വ്യത്യസ്ത മതങ്ങളും ആദര്‍ശങ്ങളുമാണെങ്കിലും ഭാരതത്തില്‍ ഒരു ഒരുമയുണ്ട് – “Unity in diversity”.  അതാണ്‌ നമ്മുടെ രാജ്യത്തിന്‍റെ മഹത്വം. എല്ലാവരും എല്ലാ മതസ്തരുടെയും ആഘോഷങ്ങളും ആചാരങ്ങളും പരസ്പരം ഒരുമിച്ച് കൈകോര്‍ത്തു പിടിച്ച് ചെയ്യുകയാണെങ്കില്‍ പിന്നെ വൈവിധ്യം എവിടെ. നാനാര്‍ത്ഥത്തിലുള്ള ഏകത്വം എവിടെ?

ഇസ്‌ലാം ഏകദൈവാരാധനയില്‍ ഉയര്‍ത്തപ്പെട്ട മതമാണ്‌. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഏകദൈവാരാധന മനസ്സിലാക്കിയെങ്കിലെ എന്തുകൊണ്ടാണ് മുസ്‌ലിംകള്‍ ഓണം ആഘോഷിക്കാത്തതും അത്തരം കാര്യങ്ങളോട് സഹകരിക്കാതിരിക്കുന്നതും എന്ന് മനസ്സിലാകൂ.

  • ദൈവം ഏകനാണ്. എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനുമാണ്. അവന്‍ ജനിച്ചവനല്ല, ജനിപ്പിച്ചവനുമല്ല (അവനു പുത്രന്മാരോ പുത്രിമാരോ ഇല്ല). അവനു തുല്യനായി ആരും തന്നെ ഇല്ല.” (വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം 114) 
ഇവിടെ സൂചിപ്പിച്ചതില്‍ ഏതെങ്കിലും ഒരു കാര്യം ദൈവത്തിലേക്കല്ലാതെ മറ്റു ഏതു സൃഷ്ടികളിലേക്ക് ചേര്‍ത്തിപ്പറയുന്നതിനെയും അപ്രകാരം വിശ്വസിക്കുന്നതിനെയും ശിര്‍ക്ക് (പങ്കുചേര്‍ക്കല്‍) എന്നാണു ഇസ്ലാം പരിചയപ്പെടുത്തുന്നത്. ജീവിതത്തില്‍ ശിര്‍ക്കിന്റെ ചെറിയ അംശം വന്നു കഴിഞ്ഞാല്‍ അവന്റെ സങ്കേതം നരകമാണെന്നും ഇസ്ലാം പഠിപ്പിക്കുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ഈ അധ്യാപനങ്ങള്‍ക്കെതിരായി വരുന്ന ഒരു കാര്യത്തോടും ഒരു മുസ്ലിം രാജിയാകാത്തതിന്റെ കാരണമിതാണ്‌. വിശുദ്ധ ഖുര്‍ആന്‍ ദൈവത്തിന്റെ സംസാരമാണെന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. അത് പ്രവാചകനായ മുഹമ്മദ്‌ (സ) ക്കാണ് ദൈവം അവതരിപ്പിച്ചത്. മുസ്ലിംകള്‍ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും മാതൃകാപുരുഷനായി കാണുന്ന ആളാണ്‌ മുഹമ്മദ്‌ നബി(സ). ദൈവം നിയോഗിച്ച പ്രവാചകനായിരുന്നു അദ്ദേഹം. എന്നിട്ടും അദ്ദേഹത്തോട് പോലും ദൈവം പറഞ്ഞത് കാണുക.
  • അല്ലാഹുവിനു നീ (മുഹമ്മദ്‌ നബി) പങ്കാളികളെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ (നരകത്തില്‍) ആകുകയും ചെയ്യും” (വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം സുമര്‍ 65)

ദൈവത്തില്‍ പങ്കുചെര്‍ക്കുന്നവരുടെ മതാഘോഷങ്ങളില്‍ പങ്കെടുക്കുന്നത് മുസ്ലിംകള്‍ക്ക് മതപരമായി വിലക്കപ്പെട്ട കാര്യമാണ്. എന്നാല്‍ അവരുടെ വിവാഹം പോലുള്ള കാര്യങ്ങള്‍ക്കും മറ്റു അവസരങ്ങളിലും അവരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന് യാതൊരു പ്രശ്നവുമില്ല. അത്തരം അവസരങ്ങളില്‍ ബന്ധങ്ങള്‍ വേണം താനും.

  • നബി(സ)യുടെ കാലത്ത് ഒരാള്‍ ബുവാന എന്ന സ്ഥലത്തു വെച്ച് ബലിയറുക്കാന്‍ നേര്‍ച്ച നേരുകയുണ്ടായി. ബുവാനയില്‍ വെച്ച് ഒരു ഒട്ടകത്തെ അറുക്കാന്‍ താന്‍ നേര്‍ച്ചയാക്കിയ കാര്യം അയാള്‍ നബി (സ)യെ അറിയിച്ചു. നബി(സ) അപ്പോള്‍ സ്വഹാബികളോട് ചോദിച്ചു: ‘ബുവാന എന്ന പ്രദേശത്ത് ജാഹിലിയ്യാ കാലത്ത് ആരാധിക്കപ്പെട്ടിരുന്ന വല്ല ബിംബവും ഉണ്ടായിരുന്നൊ?’ സ്വഹാബികള്‍ പറഞ്ഞു: ഇല്ല. നബി(സ) വീണ്ടും ചോദിച്ചു: ‘ബിംബാരാധകരുടെ വല്ല ആഘോഷവും അവിടെ വെച്ച് നടന്നിരുന്നൊ? അവര്‍ പറഞ്ഞു: ഇല്ല. അപ്പോള്‍ നബി(സ) ആ വ്യക്തിയോട് പറഞ്ഞു: ‘നീ നിന്റെ നേര്‍ച്ച നിറവേറ്റി കൊള്ളുക. അല്ലാഹുവിനെ ധിക്കരിക്കുന്നതോ, മനുഷ്യന്റെ അധീനതയില്‍പ്പെടാത്തതൊ ആയ നേര്‍ച്ചകളാണ് പാലിക്കേണ്ടതില്ലാത്തത്.” (സ്വഹീഹ്: അല്‍ബാനി തന്റെ സ്വഹീഹ് അബൂദാവൂദില്‍. നമ്പര്‍. 3313)

ഏകനായ ദൈവത്തിനെ നേര്‍ച്ചകള്‍ നല്‍കാന്‍ പാടുള്ളൂ. ദൈവത്തിനു ഒരു കാര്യം നേര്‍ച്ച നേര്‍ന്നാല്‍ അത് നിറവേറ്റല്‍ ആ വ്യക്തിയുടെ മേല്‍  നിര്‍ബന്ധമാണ്. എന്നാല്‍ നിര്‍ബന്ധമായും ചെയ്യേണ്ട നേര്‍ച്ചപോലും മറ്റു മതാഘോഷങ്ങള്‍ നടക്കുന്നിടത്ത് വെച്ച് ചെയ്യരുത് എന്നാണ് മുകളിലെ ഹദീസിലൂടെ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. എത്ര കൃത്യമാണ് നബി(സ)യുടെ ഉപദേശം. ആ പ്രദേശത്ത് ബിംബാരാധകരുടെ ആഘോഷം ഇപ്പോഴുണ്ടോ എന്നല്ല നബി(സ) അന്വേഷിച്ചത്, മറിച്ച് മുന്‍കാലങ്ങളില്‍ അവരുടെ വല്ല ആഘോഷവും നടന്നിരുന്നോ എന്നതാണ്. കാര്യത്തിന്റെ ഗൌരവം ഇതില്‍ നിന്ന് തന്നെ മനസ്സിലാകും.


മഹാബലിയെന്ന കേരള രാജാവിന്റെ നീതി പൂര്‍ണമായ ഭരണവും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതും ഓരോ വര്‍ഷത്തെയും തിരിച്ചുവരവും ഐതിഹ്യമോ സാങ്കല്‍പ്പിക കഥയോ ആവാം. എന്നാല്‍, ഇതിലടങ്ങിയ വിശ്വാസം പാരമ്പര്യ ബഹുദൈവ വിശ്വാസത്തില്‍ അതിഷ്ടിതമാണ്. മരിച്ചവര്‍ക്ക് ഈ ലോക കാര്യങ്ങളില്‍ ഇടപെടാന്‍ സാധ്യമേ അല്ല. മഹാബലി ഓരോ വര്‍ഷവം തിരുവോണ നാളില്‍ പ്രജകളെ കാണാന്‍ വരും എന്ന് പറയുമ്പോള്‍ മരിച്ചവര്‍ തിരിച്ചുവരുമെന്നും ഈ ലോക കാര്യങ്ങളില്‍ ഇടപെടാന്‍ അവര്‍ക്ക് സാധിക്കുമേന്നുമുള്ള ആശയമാണ് ഓണാഘോഷത്തിലൂടെ പ്രചരിക്കപെടുന്നത്. (ഇത് അഗീകരിച്ചാലും ഇല്ലെങ്കിലും വാസ്തവം അതാണ്‌). ഈ വിശ്വാസം ശിര്‍ക്ക്‌ (ദൈവത്തിന്റെ നാമ ഗുണ വിശേഷണങ്ങളുടെ ഏകത്വത്തില്‍ പങ്കുചേര്‍ക്കല്‍) ആണ്.

പിന്നെ ഓണം കേരളത്തിന്റെ ദേശീയ ഉത്സവമാണെന്നാണ് ചിലര്‍ പറയാറുള്ളത്. കെ.ഇ.എന്‍ എഴുതിയ ഉത്സവങ്ങളുടെ വ്യാകരണം എന്നാ കൃതിയില്‍ ഇപ്രകാരം കാണാം - “ഓണം കേരളത്തിന്റെ ദേശീയ ഉത്സവമെന്നാണ് എല്ലാവരും പറയുന്നത്. ഇത് ശുദ്ധ നുണയാണ്. കാരണം ആര്യന്മാര്‍ പറയുന്ന കഥ പരിശോധിച്ചാല്‍, ഓണാഘോഷം തികച്ചും ഹിന്ദുക്കളുടെത് മാത്രമാണെന്ന് കാണാം. ബഹുഭൂരിപക്ഷം വരുന്ന തീയനും പുലയനും പറയനും ആശാരിയും മൂശാരിയും തട്ടാനും കൊല്ലനും വാങ്ങാനും ക്രിസ്ത്യാനിയും മുസ്ലിമും മറ്റും ആഹിന്ദുക്കളാണ്. ചെറു ന്യൂനപക്ഷം വരുന്ന ഹിന്ദുക്കളുടെ ആഘോഷം എങ്ങനെയാണ് ദേശീയാഘോഷമാകുന്നത്.? അത് ഭീകരവാതമല്ലെ? വിശേഷിച്ച് ഈ മണ്ണിന്റെ മക്കളെ അടിമകളാക്കിയതിന്ടെ ചരിത്രം പറയുന്ന ഓണാഘോഷം എങ്ങനെയാണ് അടിമകളാക്കപ്പെട്ടവരുടെയും ആഘോഷമാകുക? ഏതാനും അഹിന്ദുക്കള്‍ കാര്യമറിയാതെ സവര്ന്നരെ ഓണാഘോഷത്തില്‍ അനുകരിക്കുന്നു എന്ന് കരുതി, ഓണം കേരളത്തിന്റെ ദേശീയ ഉല്‍സവമാകുന്നതെങ്ങനെ?” (ഓണം: ആഘോഷത്തിന്റെ മതവും ദേശീയതെയും

- പ്രീംറോസ് )

ഓണാഘോഷത്തിന്റെ ഭാഗമായി കാണാറുള്ള ആഘോഷമാണ് തൃക്കാക്കരയപ്പനെ വണങ്ങുക എന്നത്. ഇത് ബഹുദൈവാരാധന തന്നെയാണ്. മുന്‍കാലങ്ങളില്‍ ബഹുദൈവാരാതകരുടെ ആഘോഷം നടന്നിരുന്ന സ്ഥലത്ത് വെച്ചുപോലും നേര്‍ച്ച ചെയ്യരുതെന്ന്‍ പഠിപ്പിക്കപ്പെട്ട മുസ്ലിംകള്‍ ഓണം പോലുള്ള ബഹുദൈവാരാധനയില്‍ അതിഷ്ടിതമായ ആഘോഷങ്ങളില്‍ എങ്ങനെയാണ് പങ്കെടുക്കാന്‍ സാധിക്കുക? നബി(സ) പറഞ്ഞു: “ഏതൊരുവന്‍ ഒരു സമൂഹത്തോട് സാദൃശ്യപ്പെടുന്നുവോ അവന്‍ അവരില്‍ പെട്ടവനാണ്.” (സഹീഹു മുസ്ലിം). നബി(സ) യുടെ ഒരു പ്രവചനം യാഥാര്‍ത്യമാകുന്നത് നമുക്ക്‌ കാണാം - "നിശ്ചയം നിങ്ങൾ നിങ്ങളുടെ മുൻഗാമികളുടെ പാത പിന്തുടരുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. എത്രത്തോളമെന്നാൽ അവർ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കിൽ അവരെ പിൻപറ്റി നിങ്ങളും അതിൽ പ്രവേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതരെ, മുൻഗാമികളെ ന്നാൽ ജൂത ക്രൈസ്തവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി(സ) പറഞ്ഞു "അവരല്ലാതെ പിന്നെ ആര്?’’(ബുഖാരി)

 
എന്തിനാണ് അന്യ മതസ്ഥരുടെ ആചാരാനാചാരങ്ങലുമായി നമ്മള്‍ കൈകോര്‍ത്തു നടക്കുന്നത്. അത് മത സൌഹാര്‍ദ്ദത്തിനാണത്രെ!! ഇത് മതസൌഹാര്‍ദ്ദമല്ല, മറിച്ചു മതലയനമാണ്. മത സൌഹാര്‍ദ്ദമല്ല, മനുഷ്യ സൌഹാര്‍ദ്ദമാന് വേണ്ടത്. നാനാ ജാതി മതസ്ഥര്‍ വളരെ സൌഹാര്‍ദ്ദത്തോടെ തിങ്ങിത്താമസിക്കുന്ന കേരളീയ സാഹചര്യങ്ങളില്‍ നമ്മള്‍ പരസ്പരം സൌഹാര്‍ദ്ദം സ്ഥാപിക്കേണ്ടത് അന്യമതക്കാരുടെ വിശ്വാസങ്ങള്‍ പരസ്പരം സ്വീകരിച്ചിട്ടല്ല. മാനുഷിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ നന്മകളില്‍ സഹകരിച്ച് സുഹൃത്തുക്കളായി ജീവിക്കാന്‍ നമുക്ക്  സാധിക്കുന്നതാണ് . അങ്ങിനെ നമ്മളൊക്കെ സഹകരിക്കുന്നുമുണ്ട്. നമ്മുടെ അയല്‍ക്കാരുടെ വിവാഹം , മരണം രോഗം, സല്‍ക്കാരങ്ങള്‍ എന്നിങ്ങനെ അവരുടെ ഒക്കെ സുഖ ദുഖങ്ങളില്‍ നമ്മളെല്ലാം പങ്കാളികളാവുന്നു. അവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുന്നു . അതല്ലാതെ ബഹുദൈവാരാധനയില്‍  അധിഷ്ഠിതമായ ഒരാഘോഷത്തില്‍ സഹകരിച്ചു കൊണ്ട്, അതാണ് മത സൌഹാര്‍ദ്ദം എന്ന് പറഞ്ഞു അഭിനയിക്കാന്‍ എനിക്കാവില്ല. 

ഇന്ന് ഓണ നാളില്‍ മുസ്ലിംകള്‍ എന്ന് പറയുന്നവര്‍ പോലും ബഹുദൈവാരാധന അറിഞ്ഞോ അറിയാതെയോ അതിനെ പ്രോല്‍സാഹിപ്പിക്കുവോണം സാങ്കല്‍പ്പിക കഥാപാത്രങ്ങളെയും മറ്റും ചിത്രങ്ങള്‍ വരക്കുകയും അവരെ അനുകരിച്ചു മാവേലിയെപ്പോലെയുള്ളവരുടെ രൂപം നിര്‍മ്മിക്കുകയും വേഷം അണിയുകയും ചെയ്യുന്നു! മാവേലിയുടെ വരവ് പ്രതീക്ഷിച്ച് പൂക്കളം ഒരുക്കുന്നു. ജീവനുള്ളവയുടെ ചിത്രം വരക്കുന്നത് നിരോധിച്ച മതമാണ്‌ ഇസ്ലാം. അവരാണ് ബഹുദൈവാരാധനയുടെ പ്രതീകങ്ങളെ നമുക്ക് മുന്നില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അപകടം തന്നെ! നമുക്ക് വേണ്ടത് ആത്മാര്‍ഥമായി മനുഷ്യരെ തമ്മിലടുപ്പിക്കുന്ന നിഷ്കളങ്കമായ മനുഷ്യ സൌഹാര്‍ദ്ധമാണ് . അതല്ലാതെ മതമൂല്യങ്ങളെയും വിശ്വാസത്തെയും തച്ചുടക്കുന്ന മത സൌഹാര്‍ദ്ദമല്ല.

“നബി(സ) മദീനയിലേക്ക് വന്നപ്പോള്‍, അവിടെയുള്ള മുസ്ലിംകള്‍ രണ്ടു ആഘോഷ ദിവസങ്ങളില്‍ കളിവിനോദങ്ങളിലേര്‍പ്പെടുന്നത് കണ്ടു. എന്താണ് ഈ രണ്ടു ദിവസങ്ങളുടെ പ്രത്യേകത എന്ന് നബി(സ) ചോദിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: ‘ജാഹിലിയ്യാ കാലത്ത് ഞങ്ങള്‍ ആഘോഷിക്കാറുള്ള രണ്ട് ദിവസങ്ങളാണത്.’ അപ്പോള്‍ നബി(സ) അവരോട് പറഞ്ഞു: ‘ആ രണ്ട് ദിവസങ്ങള്‍ക്ക് പകരമായി ഉത്തമമായ രണ്ട് ദിനങ്ങളെ അല്ലാഹു നിങ്ങള്‍ക്കായി നല്‍കിയിരിക്കുന്നു; ബലി പെരുന്നാളും ചെറിയ പെരുന്നാളുമാണത്.” (സ്വഹീഹ്: അല്‍ബാനി തന്റെ സ്വഹീഹ് അബൂദാവൂദില്‍. നമ്പര്‍. 1134)

മുസ്ലിംകള്‍ക്ക് ആഘോഷമായി രണ്ടു പെരുന്നാളുകളാണ് നിശ്ചയിക്കപ്പെട്ടത്. നബി(സ) യുടെ കാലഘട്ടങ്ങളിലും അന്യമതസ്ഥര്‍ അവരുടെ ഉത്സവങ്ങള്‍ കൊണ്ടാടിയിരുന്നു. എന്നിരുന്നിട്ടും നബി(സ) അവരുടെ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ലോകം കണ്ടത്തില്‍ വെച്ച് ഏറ്റവും നല്ല നീതിമാനായ ഭരണാധികാരി മുഹമ്മദ്‌ നബി(സ)യാണെന്ന് Michael H Hart തന്റെ “The 100 Most influential people in history“ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍  ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത് മുഹമ്മദ്‌ നബി(സ)ക്കാണ്.(കാരണമറിയാന്‍
The 100: A Ranking of the most influencial persons in history )


പ്രവാചകന്‍ (സ) പഠിപ്പിച്ച ഒരു കാര്യവും തീവ്രവാതമല്ല. അവ പഠിക്കാത്തത് കൊണ്ടാണ്. ഇന്ന് കാണുന്ന മുസ്ലിംകളെ നോക്കി ഇസ്ലാമിനെ പഠിക്കരുത്. മതങ്ങളെ അറിയണമെങ്കില്‍ അതാത് മതങ്ങളുടെ വേദഗ്രന്ഥങ്ങള്‍ എന്ത് പറയുന്നു എന്നാണു നോക്കേണ്ടത്. കാരണം ഇന്ന് കാണുന്ന പല ഹിന്ദുക്കളും യഥാര്‍ത്ഥ ഹിന്ദുവല്ല, കാരണം അവര്‍ അവരുടെ വേദഗ്രന്ഥം പഠിക്കാറുമില്ല അതനുസരിച്ച് ജീവിക്കാറുമില്ല. അതുപോലെ തന്നെയാണ് പല മുസ്ലിംകളുടെയും കഥ. അവര്‍ മുസ്ലിംകള്‍ ആണെന്ന് പറയും, എന്നാല്‍ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കില്ല, അതനുസരിച്ച് പ്രവര്‍ത്തിക്കുകയുമില്ല. ഇസ്ലാം വിരോധിച്ച അന്യമതാഘോഷങ്ങളില്‍ പങ്കെടുക്കുന്ന 'മുസ്ലിംകളെ' നോക്കി വേദം പഠിക്കുന്നവര്‍ ചെയ്യുന്നത് ശെരിയല്ല എന്ന് പറയുന്നത് ശെരിയല്ല. മതാഘോഷങ്ങള്‍ അല്ലാത്ത വീട് കൂടലുകള്‍, സ്നേഹക്കൂട്ടങ്ങള്‍, സല്‍ക്കാരങ്ങള്‍, കല്യാണങ്ങള്‍,.. എന്നിവയില്‍ പങ്കെടുക്കുമ്പോള്‍ സ്നേഹബന്ധങ്ങള്‍ വളരും. അത് പോലെ മറ്റു മതവിശ്വാസങ്ങളെ നമ്മള്‍ താഴ്ത്തി കാണാന്‍ പാടില്ല. നോമ്പ് നോല്‍കുന്ന ഹിന്ദു നമ്മുടെ വീട്ടില്‍ നിന്ന് ചിക്കന്‍ ബിരിയാണി കഴിക്കില്ല എന്നത് കൊണ്ട് അവന്‍ ചീത്തയല്ല. അവന്‍ നല്ലവനാണ്. കാരണം അവന്റെ ജീവിതത്തെ നയിക്കുന്നത് അവന്റെ മതവിശ്വാസമാണ്. 

അത് പോലെ തന്നെ ഒരു മുസ്‌ലിം ഒണാഘോഷങ്ങളില്‍ പങ്കെടുക്കാത്തത് കൊണ്ട് അവന്‍ ചീത്തയല്ല, നല്ലവനാണ്. ഇതൊക്കെ മനസ്സിലാക്കി മതഗ്രന്ഥങ്ങള്‍ അനുസരിച്ച്  ജീവിക്കുന്നവരെ ഓണാഘോഷ പരിപാടികള്‍ക്ക് വിളിക്കാതിരിക്കുന്നതാണ് ശെരിയായ രീതി. കാരണം നമ്മുടെ സുഹുര്‍ത്തുക്കള്‍ വിളിക്കുമ്പോള്‍ നമ്മള്‍ പങ്കെടുക്കില്ല എന്ന് പറയുമ്പോള്‍ അവര്‍ക്കെന്ന പോലെ നമുക്കും വേദനയുണ്ടാകാറുണ്ട്. ഓണത്തിന് പങ്കെടുത്തില്ലെങ്കിലും എല്ലാവരോടും സ്നേഹമല്ലാതെ ഒരിക്കലും വെറുപ്പ്‌ ഉണ്ടാകാറില്ല. 

അവരില്‍ നിന്ന് നമ്മള്‍ സമ്മാനങ്ങള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ അതിന്റെ കാരണം അവര്‍ക്ക് പറഞ്ഞു കൊടുക്കണം. അതിലൂടെ ബഹുദൈവാരാധനായുടെ പ്രശ്നങ്ങളും അവയില്‍ മരണമാടഞ്ഞാലുള്ള വരും വരായ്കളും അവരെ ബോധ്യപ്പെടുത്തണം. 

യഥാര്‍തത്തില്‍ ബഹു ദൈവാരാധനയോടുള്ള നമ്മുടെ നിലപാടാണ് ഇത്തരം വിഷയങ്ങളില്‍ പ്രതിഫലിക്കുന്നത്.


Reference:
Abdul Jabbaar Madeeni
ഓണം: ആഘോഷത്തിന്റെ മതവും ദേശീയതെയും - പ്രീംറോസ് 



Related article:
ബഹുദൈവാരാധകരുടെ ആഘോഷ ദിനത്തില്‍ അവരില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിക്കാമോ?