ഇബാദത്തുകളില്‍ മതപഠനത്തിനുള്ള പ്രാധാന്യം തിരിച്ചറിയുക...! - മുഹ്സിന്‍ ഐദീദ്‌


അബ്ദുല്ലാഹിബ്നു മസ്ഊദു (റ) പറഞ്ഞു : " എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം! അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ശുഹദാക്കളായി ( രക്തസാക്ഷികള്‍ ) കൊല്ലപ്പെട്ടവരില്‍ ചിലര്‍ പണ്ഡിതന്മാര്‍ക്ക് അല്ലാഹുവിങ്കല്‍ ലഭിക്കുന്ന ആദരവ്‌ കണ്ടു കഴിഞ്ഞാല്‍ അവരെ പണ്ഡിതന്മാരായി ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ കഠിനമായി ആഗ്രഹിക്കുക തന്നെ ചെയും. (എന്നാല്‍ അറിയുക) ഒരു മനുഷ്യനും പണ്ഡിതനായി ജനിക്കുന്നില്ല; അറിവ്‌ നേടേണ്ടത് പഠനത്തിലൂടെയാണ്. " (മിഫ്താഹു ദാരിസ്സആദ: 1/397)

പണ്ഡിതന്മാരില്‍ അനേകം പേര്‍ക്ക്‌ നിര്‍ബന്ധമായ നമസ്കാരം ഒഴിച്ച് നിര്‍ത്തിയാല്‍ ഏറ്റവും ശ്രേഷ്ഠമായ ആരാധന മതവിജ്ഞാനം തേടലാണെന്ന അഭിപ്രായമുണ്ട്.

ഇബ്നു അബ്ബാസ്‌ (റ) പറഞ്ഞു : " മതവിജ്ഞാനം പരസ്പരം പങ്കു വെക്കലാണ് ( تذاكر العلم ) രാത്രി നിന്ന്‍ നമസ്കരിക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയങ്കരം "

ഇമാം ശാഫിഈ (റ) പറഞ്ഞു : " സുന്നത്ത്‌ നമസ്കാരങ്ങളെക്കാള്‍ (രാത്രി നമസ്കാരങ്ങളും അതില്‍ ഉള്‍പ്പെടുമെന്ന് ഓര്‍ക്കുക) ശ്രേഷ്ഠമായത് മതവിജ്ഞാനം അന്വേഷിക്കലാണ്. "

ഏറ്റവും ശ്രേഷ്ഠമായ ആരാധന ഏതാണെന്ന വിഷയത്തില്‍ ഇമാം അഹ്മദിന് മൂന്നു അഭിപ്രായങ്ങള്‍ ഉണ്ട്. അവയില്‍ ഒന്ന് മതവിജ്ഞാനം അന്വേഷിക്കലാണെന്നതാണ്. മറ്റു അഭിപ്രായങ്ങള്‍ നിര്‍ബന്ധ നമസ്കാരവും, ജിഹാദുമാണെന്നാണ്.

ഇല്‍മ് എന്നാല്‍ ഇസ്ലാമിന്‍റെ പേരില്‍ അവതരിപ്പിക്കപ്പെടുന്ന എന്തുമെന്നല്ല അതിന്‍റെ അര്‍ഥം. മറിച്ച് ഇസ്ലാമിലെ ഏതെങ്കിലും ഒരു വിഷയത്തിലുള്ള വിധി എന്താണെന്ന് അതിന്‍റെ തെളിവുകളും (തെളിവ്‌ എന്നാല്‍ ഖുര്‍ആനിലെ ആയത്തോ, നബി(സ)യുടെ ഹദീസോ, മുസ്ലിം സമൂഹം മുഴുവനായി യോജിച്ച ഇജ്മാഓ ആണ്) അത് തെളിവാകുന്നത് എന്ത് കൊണ്ടാണെന്ന കാരണവുമടക്കം മനസ്സിലാക്കലാണ്. ഇതിനാണ് ഉപകാരപ്രദമായ വിജ്ഞാനം എന്ന്‍ പറയുക.

ഉപകാരപ്പെടുന്ന വിജ്ഞാനത്തിന്റെ അടയാളം രണ്ടു കാര്യങ്ങളാണ്.

ഒന്ന് : ആ വിജ്ഞാനം നിങ്ങള്‍ക്ക്‌ അല്ലാഹുവിനെ അറിയിച്ചു നല്‍കും.
രണ്ട് : അല്ലാഹുവിന് ഇഷ്ടമുള്ള കര്‍മങ്ങളും വെറുപ്പുള്ള കര്‍മങ്ങളും ഏതെന്ന്‍ ആ വിജ്ഞാനം നിങ്ങള്‍ക്ക്‌ ബോധ്യപ്പെടുത്തി നല്‍കും.

ഇല്‍മു നേടുക എന്നാല്‍ അതിന് വേണ്ടി മാറിയിരിക്കലാണ്. അല്ലാതെ, സമയം കൊല്ലുന്നതിനു വേണ്ടി ഫേസ്ബുക്കില്‍ സ്ക്രോള്‍ ചെയ്യുന്നതിനിടെ നിങ്ങള്‍ ഈ വായിച്ചു പോകുന്നത് പോലുമല്ല.

അത് കൊണ്ടാണ് നബി(സ) പറഞ്ഞത്‌ : " വിജ്ഞാനം പഠനത്തിലൂടെയാണ് " (العلم بالتعلبم) (ബുഖാരി)

അതിനാല്‍ സഹോദരങ്ങളെ! മതം പഠിക്കുന്നതിനു മറ്റെന്തിനെക്കാളും മുന്‍ഗണന നല്‍കുക. ഒരു ദിവസം ചുരുങ്ങിയത്‌ അരമണിക്കൂരെങ്കിലും മറ്റെല്ലാതില്‍ നിന്നും ഇല്മു നേടുന്നതിന് വേണ്ടി മാത്രമായി മാറിയിരുന്നതിന്റെ പേരില്‍ സ്വയം നാം നേടിയെടുത്ത, നമ്മുടെ പുസ്തകത്തിലെ ഏടുകളിലും ജീവിതത്തിന്‍റെ ഏടുകളിലും രേഖപ്പെടുത്തപ്പെട്ട, നാളെ പരലോകത്ത്‌ ഉപകാരപ്പെടുന്ന ഒരു വിജ്ഞാനമെങ്കിലും നേടാത്ത ഒരു ദിവസവും നമുക്കിനി കടന്നു പോകാതിരിക്കട്ടെ.


https://www.facebook.com/muhsinaydeed/posts/448476101931997

No comments:

Post a Comment