പഠനം ജീവിതത്തിന്റെ ഭാഗമാക്കണം


പരിശുദ്ധ ഖുർആൻ പറയുന്നു "കാലം തന്നെയാണ് സത്യം, മനുഷ്യർ നഷ്ടത്തിലാകുന്നു. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും, സത്യം കൊണ്ടും ക്ഷമകൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരും ഒഴികെ" (സൂ:അസർ  1-3) 


ഇതില്‍  നിന്നും നാല് കാര്യങ്ങള്‍ പഠിച്ചിരിക്കല്‍ നിര്‍ബന്ധമാണെന്ന് മനസ്സിലാക്കാം,
  1. അറിവ് നേടുക - അതായത് അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും ഇസ്ലാം മതത്തെയും തെളിവുകള്‍ സഹിതം മനസ്സിലാക്കുക. നമ്മുടെ പ്രവർത്തങ്ങൾ പരലോകത്ത് സ്വീകരിക്കപ്പെടുക വിശ്വാസ കാര്യങ്ങളുടെ തെളിച്ചത്തിനനുസരിച്ചായിരിക്കും. തെളിമയാർന്ന വിശ്വാസം സ്വീകരിക്കുന്നതിനു പഠനം അനിവാര്യമാണ്.
  2. അതുപ്രകാരം പ്രവര്‍ത്തിക്കുക
  3. അതിലേക്കു മറ്റുള്ളവരെ ക്ഷണിക്കുക
  4. അതില്‍ വരുന്ന പ്രയാസങ്ങളില്‍ ക്ഷമിക്കുക

അല്ലാഹു നന്മ ഉദ്ദേശിച്ചവര്‍ക്ക് ദീനില്‍ വിജ്ഞാനംനല്‍കുന്നു.

    مَنْ يُرِدِ اللَّهَ بِهِ خَيْرًا يُفَقِّهُهُ فِي الدِّينِ - متفق عليه 
      "ഒരാള്‍ക്ക്‌ അല്ലാഹു നന്മ ഉദ്ദേശിച്ചാല്‍ അവനു ദീനില്‍ അറിവ് നല്‍കും"   (ബുഖാരി, മുസ്‌ലിം)

      مَنْ خَرَجَ فِي طَلَبِ الْعِلْمِ فَهُوَ فِي سَبِيلِ اللهِ حَتَّى يَرْجِعَ ـ ترمذي

      "ദീനിന്റെ മാര്‍ഗത്തില്‍  വിജ്ഞാനമന്വേഷിച്ചു പുറപ്പെട്ടാല്‍ അവന്‍ മടങ്ങുന്നത് വരെ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്" (തിര്‍മിദി)

      طَلَبَ اْلعِلْمُ فَرِيضَةً عَلَى كُلِّ مُسْلِمٍ
      "വിജ്ഞാന സമ്പാദനം  ഓരോ മുസ്ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാണ്" (ഇബ്നു മാജ, തിര്‍മിദി)

        ومن سلك طريقًا يلتمس فيه علما سهل الله له به طريقًا إلى الجنة
      "ആരെങ്കിലും വിജ്ഞാനമന്വേഷിച്ചു ഒരു മാര്‍ഗത്തില്‍ പ്രവേശിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള വഴി അവനു എളുപ്പമാക്കിക്കൊടുക്കും" (മുസ്‌ലിം)

      "അല്ലാഹുവിന്റെ ഭവനങ്ങളില്‍ അവന്റെ ഗ്രന്ഥം പാരായണം ചെയ്തും പരസ്പരം ചര്‍ച്ച ചെയ്തും ഒരുകൂട്ടം ജനങ്ങള്‍ കൂടിയിരുക്കുകയില്ല; മലക്കുകള്‍ അവരെ പൊതിയുകയും അവരുടെ മേല്‍സമാധാനം ഇറങ്ങുകയും, കാരുണ്യത്താല്‍ പൊതിയപ്പെടുകയും ചെയ്യാതെ. അല്ലാഹു അവന്റെ സന്നിധിയിലുള്ളവര്‍ക്കിടയില്‍ അത് സ്മരിക്കും..." (ഇബ്നു മാജ)

      "നിങ്ങളില്‍ വിശ്വസിക്കുകയും വിജ്ഞാനം നല്‍കപ്പെടുകയും ചെയ്തവരുടെ സ്ഥാനങ്ങള്‍ അല്ലാഹു ഉയര്‍ത്തുന്നതാണ്" (സൂ:മുജാതില)

      സലഫുകള്‍  പറയാറുള്ള ഒരു വാക്യമുണ്ട് - "ഒരു മനുഷ്യന്‍ വിജ്ഞാനം നേടുന്നിടത്തോളം അവന്‍ ജ്ഞാനിയായിരിക്കും, അറിവുള്ളവനാണ് എന്ന് സ്വയം തോന്നിത്തുടങ്ങിയാല്‍ അവന്‍ മൂഡനായി."



      രണ്ടു കാര്യത്തിനല്ലാതെ അസൂയ പാടില്ല (متفق عليه)
      1. സമ്പത്ത് നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നതിന്
      2. വിജ്ഞാന സമ്പാദിക്കുന്നതിന്

      ഒരാള്‍ മരിച്ചാല്‍ അയാളുടെ കര്‍മ്മങ്ങള്‍ മുറിഞ്ഞു പോകും, മൂന്നെണ്ണം ഒഴികെ;
      1. സ്ഥായിയായ ധാനധര്‍മ്മങ്ങള്‍ (صدقة جارية)
      2. ഉപകാരപ്രതമായ അറിവ്
      3. തനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന മക്കള്‍


      "അല്ലാഹുവിനെ അവന്റെ ദാസന്മാരിലെ ജ്ഞാനികള്‍ മാത്രമെ ഭയപ്പെടുകയുള്ളൂ" (സൂ:ഫാത്വിര്‍)

      حَدَّثَنِي عَنْ مَالِكٌ، أَنَّهُ بَلَغَهُ أَنَّ لُقْمَانَ الْحَكِيمَ، أَوْصَى ابْنَهُ فَقَالَ يَا بُنَىَّ جَالِسِ الْعُلَمَاءَ وَزَاحِمْهُمْ بِرُكْبَتَيْكَ فَإِنَّ اللَّهَ يُحْيِي الْقُلُوبَ بِنُورِ الْحِكْمَةِ كَمَا يُحْيِي اللَّهُ الأَرْضَ الْمَيْتَةَ بِوَابِلِ السَّمَاءِ

      ലുഖ്മാനുല്‍ ഹഖീം തന്റെ വില്‍പത്രം തയ്യാറാക്കിയ ശേഷം മകനോട്‌ പറഞ്ഞു: "എന്റെ മകനെ, അറിവുള്ളവരുമായി കൂടിയിരിക്കുകയും അവരോടു അടുപ്പം സൂക്ഷിക്കുകയും ചെയ്യുക. അല്ലാഹു ഹൃദയങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത് തത്വജ്ഞാനത്തിന്റെ പ്രകാശം കൊണ്ടാണ്, അതായത് വരണ്ട ഭൂമിയില്‍ മഴ പെയ്യുമ്പോള്‍ ജീവന്‍ ലഭിക്കുന്നത് പോലെ"

      അറിവ്  തേടി പുറപ്പെടുന്നവര്‍ തെറ്റുകള്‍ ഉപേക്ഷിക്കണം. ഇമാം ഷാഫിഈ (റ) മകന് നല്‍കിയ ഉപദേശം കാണുക: "മോനേ, നീ തെറ്റ് ചെയ്യരുത്, സല്‍കര്‍മ്മങ്ങള്‍ ചെയ്യുക. വിജ്ഞാനം പ്രകാശമാണ്, സല്‍കര്‍മ്മങ്ങള്‍ ചെയ്യാത്തവര്‍ക്ക് അല്ലാഹു ആ പ്രകാശം നല്‍കുകയില്ല".

      സുഫ്യാനു തൌരി (റ) യെ അറിവന്യേഷിക്കുന്നതിനായി യാത്ര അയക്കാനൊരുങ്ങുമ്പോള്‍ മാതാവ് നല്‍കിയ ഉപദേശം ശ്രദ്ധേയമാണ്. "മോനേ, നീ പഠിക്കുന്ന അറിവ് നിന്റെ പ്രവര്‍ത്തനങ്ങളെ നന്നാക്കിത്തീര്‍ക്കുന്നില്ലെങ്കില്‍ നീ നിന്റെ നിയ്യത്തിനെ പുനര്‍വായനക്ക്‌ വിധേയമാക്കുക". നമ്മള്‍ നമ്മുടെ നിയ്യത്തിനെ പരിശോധിക്കേണ്ടിയിരിക്കുന്നു.


      അശ്രദ്ധയാണ് പലപ്പോയും നമ്മെ അറിവിന്റെ സദസ്സുകളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്. ഈ അശ്രദ്ധയെ ചികില്‍സിക്കാനറിയുന്നവര്‍ അറിവിന്റെ ഉന്നത സോപാനങ്ങള്‍ താണ്ടി റബ്ബിനെ കൂടുതല്‍ അടുത്തറിഞ്ഞു ജീവിതത്തെ നാളേക്ക് വേണ്ടി ക്രമപ്പെടുത്തുന്നു.